NRI
തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന്നതിനായി തിരുവനന്തപുരം വെള്ളറടയില്‍ നാട്ടുകാര്‍ ഒന്നിച്ചു. കോവിഡ് സമയത്ത് സൗദിയില്‍ ഡ്രൈവറായിരുന്ന കുടപ്പനമൂട് വയലിംഗല് റോഡരികത്ത് വീട്ടില്‍ ഷിബു(45) അനധികൃതമായി കാര്‍ ഓടിച്ചുവെന്ന കാരണത്താൽ സൗദിയില്‍ അഞ്ച് വര്‍ഷമായി ശിക്ഷയില്‍ കഴിയുകയാണ്.
ഷിബു അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്നുവെങ്കിലും രണ്ടുവര്‍ഷത്തെ ശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ഒന്നരലക്ഷം റിയാല്‍ (36 ലക്ഷം രൂപ) പിഴ അടച്ചാലെ ജയില്‍ മോചിതനാകാന്‍ കഴിയുകയുള്ളു. ആ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രവാസി സംഘടന.
ഫണ്ട് സ്വരൂപണത്തിനുള്ള ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം വെള്ളറടയില്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍. ബി. അജയകുമാര്‍ ബ്രോഷര്‍ കൈമാറി നിര്‍വഹിച്ചു. നേതാക്കളായ ഷിജു തടത്തില്‍, പ്രതീപ്, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
ഫണ്ട് ശേഖരണത്തിന് പ്രവാസി സംഘടനയില്‍ പെട്ട ജംഷീര്‍, ഷിജിന്, രാജന്, സനല്‍, പ്രേമന്, സനല്‍ അടങ്ങുന്ന സംഘം ഉണ്ട്. വെള്ളറടയില്‍ നടന്ന പരിപാടിയില്‍ ഷിബുവിന്റെ ഭാര്യ സുനിത, മകന് സോജു, മാതാവ് പാലമ്മ എന്നിവര്‍ പങ്കെടുത്തു.
NRI
ചങ്ങനാശേരി: മടുക്കുംമൂട് പള്ളിപ്പറമ്പിൽ നവാസ് (56, ഗ്ലാടാ നവാസ്) സൗദി അറേബ്യയിൽ അന്തരിച്ചു. ഭാര്യ: വടക്കേക്കര പാറപ്പറമ്പിൽ ഷാനി.
മക്കൾ മുഹമ്മദ് മനാഫ് (യുഎഇ), മുഹമ്മദ് സൽമാൻ, സോനാ നവാസ്. കബറടക്കം പിന്നീട്.
NRI
റിയാദ്: സൗദി സർക്കാർ ഒറ്റ ദിവസം എട്ടു പേരുടെ വധശിക്ഷ നടപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സൗദി പൗരനും വധശിക്ഷയ്ക്കു വിധേയരായവരിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു സൊമാലിയക്കാർ, മൂന്ന് എത്യോപ്യക്കാർ എന്നിവരാണു മറ്റുള്ളവർ. സൗദിയിലേക്കു ഹാഷിഷ് കടത്തിയെന്ന കുറ്റമാണ് ഈ ഏഴുപേർക്കെതിരേ തെളിഞ്ഞത്.
ഈ വർഷം സൗദിയിൽ 230 പേർ വധശിക്ഷയ്ക്കിരയായി എന്നാണ് റിപ്പോർട്ട്. ഇതിൽ 154ഉം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ വർഷം 338 പേർക്കാണ് സൗദി ഭരണകൂടം വധശിക്ഷ നല്‍കിയത്.
NRI
റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ ഇദ്ദേഹം കോമയിൽ കിടന്നത്.
2005ൽ യുകെയിലെ സൈനിക കോളജിൽ പഠിക്കവെയുണ്ടായ കാറപകടത്തിൽ തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്നാണ് അദ്ദേഹം കോമയിലായത്. അപകടം നടക്കുന്പോൾ അദ്ദേഹത്തിന് 15 വയസായിരുന്നു. അപകടത്തിനുശേഷം ഒരിക്കൽപ്പോലും കണ്ണുതുറന്നില്ല.
ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടത്. റിയാദിലെ കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിച്ചിരുന്നത്.
ട്യൂബ് വഴിയാണു ഭക്ഷണം നൽകിവന്നിരുന്നത്. 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ, പിന്നീട് ആരോഗ്യനിലയിൽ യാതൊരു പുരോഗതിയുമുണ്ടായില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തിയിരുന്നത്.
<b>പിതൃസ്നേഹത്തിന്റെ ആഴം</b>
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻരക്ഷാ സംവിധാനങ്ങൾ മാറ്റി മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാ ചികിത്സയും നൽകി ദൈവം വിളിക്കുമ്പോൾ മകൻ പോകട്ടെയെന്നു നിലപാടെടുത്തു.
മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹപരിചരണത്താൽ രാജകുമാരൻ എപ്പോഴും സുന്ദരനായാണു കാണപ്പെട്ടത്. 20 വർഷമായി ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ഥനയും തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. കോടീശ്വരനായ ഖാലിദ് ബിൻ തലാൽ അൽ സഈദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മൂത്ത മകനാണ് അൽ വലീദ്.
ലോകത്തു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകിയിരുന്നത്. ഇതിനായി അമേരിക്കയിൽനിന്നും സ്പെയിനിൽനിന്നുമൊക്കെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ചു.
പ്രാർഥനകളും പിന്തുണയുമായി നിരവധി സന്ദർശകരാണ് റിയാദിലെ ആശുപത്രിയിൽ അൽവലീദ് രാജകുമാരനെ സന്ദർശിച്ചിരുന്നത്. രാജകുമാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കു വാർത്തകൾ പ്രത്യക്ഷപ്പെട്ടെങ്കിലും ഇതിനു സ്ഥിരീകരണമുണ്ടായിരുന്നില്ല.
എല്ലാ ദിവസവും മകനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്ന പിതാവ് ഖാലിദ് ബിൻ തലാൽ, മകന്റെ വിവിധ ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. മകൻ മരിച്ച വിവരം അദ്ദേഹം തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറംലോകത്തെ അറിയിച്ചതും.
NRI
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീല്‍ കോടതി. 19 വര്‍ഷം പിന്നിട്ട കേസിൽ പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.
ആവശ്യമെങ്കില്‍ പ്രതിഭാഗത്തിനു മേല്‍ക്കോടതിയെ സമീപിക്കാമെന്നു കോടതി പറഞ്ഞു. വിധിക്കു ശേഷം പ്രോസിക്യൂഷന് അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ 11ന് അപ്പീല്‍ കോടതിയില്‍ സിറ്റിംഗ് നടത്തിയത്.
മേയ് 26നാണ് 20 വര്‍ഷത്തെ തടവിനു വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.